മലയാളത്തിന്റെ മഹാനടൻ സത്യൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 52 വർഷം. വൈകി തുടങ്ങിയെങ്കിലും 18 വർഷക്കാലം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്ത്തിയാണ് തിരശീലക്ക് പിന്നിൽ മറഞ്ഞത്.
കൃത്രിമമായിപ്പോകാവുന്ന സംഭാഷങ്ങൾ സ്വപ്രതിഭ കൊണ്ട് സ്വാഭാവികമായി അവതരിപ്പിച്ച, ഏതു സന്ദർഭവും തന്റെ ശരീര ഭാഷ കൊണ്ട് അനായാസേന കൈകാര്യം ചെയ്തിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനായിരുന്നു സത്യൻ. സൗമ്യനും നന്മയുടെ നിറകുടവുമായ നായക മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ കഥാപാത്രങ്ങൾ. മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളിൽ നിന്നും നാടകത്തിൽ നിന്നും പതിയെ മോചിപ്പിക്കപ്പെട്ടു വരുന്ന കാലത്താണ് സത്യൻ ചലച്ചിത്ര ലോകത്തെത്തുന്നത്.
ചെയ്യുന്ന കഥാപാത്രങ്ങൾ തന്റെ താര പരിവേഷത്തിനു കോട്ടം തട്ടുമോ എന്നൊരിക്കലും ചിന്തിക്കാതിരുന്ന സത്യൻ, ഒരേ കാലത്ത് തന്നെ ഷീലയുടെ കാമുകനേയും അച്ഛനായും അഭിനയിച്ചിട്ടുണ്ട്. അധ്യാപന ജീവിതം, പട്ടാള ജീവിതം എന്നിവയ്ക്ക് ശേഷം ആലപ്പുഴയിൽ തിരുവിതാംകൂർ പൊലീസ് കുപ്പായമിട്ട സത്യനേശൻ നാടാർ തന്റെ നാല്പതാമത്തെ വയസ്സിൽ ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതിനു ശേഷം ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച സത്യൻ ആത്മസഖി എന്ന രണ്ടാം ചിത്രം വിജയിച്ചതോടെ തിരക്കുള്ള സിനിമാക്കാരനായി.
പക്ഷെ അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മാറ്റി എഴുതിയ ചിത്രം 1954ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ ആയിരുന്നു. ഓടയിൽ നിന്ന് ,യക്ഷി, ദാഹം, സ്‌നേഹസീമ എന്നിവയിലെ കഥാപാത്രങ്ങൾ സത്യന്റെ അഭിനയ ജീവിതത്തിനു മാറ്റു കൂട്ടിയെങ്കിലും ചെമ്മീനിലെ പളനി മലയാളി കാഴ്ചക്കാരെ വിസ്മയിപ്പിച്ചതിന് കണക്കില്ല. 150 ലേറെ ചിത്രങ്ങൾ മലയാളത്തിൽ അഭിനയിച്ച സത്യൻ രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചു. ആദ്യമായി മലയാള ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് നേടിയതും മറ്റാരുമായിരുന്നില്ല.
ഒടുവിൽ 10 വര്ഷം തന്നെ വേട്ടയാടിയ രക്താർബുദത്തിന് സത്യന് അടിയറവ് വെക്കേണ്ടി വന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് സ്വയം വാഹനമോടിച്ചു ആശുപത്രിയിൽ അഡ്മിറ്റായ സത്യൻ പിനീടൊരിക്കലും മുഖത്തു ചായം തേച്ചില്ല.
Post a Comment