അദ്ധ്യാപകർ ഇനി മുതൽ ജീൻസും ടീ ഷർട്ടും ധരിച്ച് സ്കൂളിലെത്താൻ പാടില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്



പട്‌ന: അദ്ധ്യാപകർ ജോലി സ്ഥലത്ത് ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ലെന്ന നിർദേശം പുറത്തുവിട്ട് ബീഹാർ വിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ ഫോർമൽ വേഷങ്ങൾ മാത്രമേ ധരിക്കാവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് അദ്ധ്യാപകർ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നടപടിയെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


2019ല്‍ സെക്രട്ടറിയേറ്റില്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിക്കുന്നത് ബീഹാര്‍ വിലക്കിയിരുന്നു. ഓഫീസ് മര്യാദകള്‍ പാലിക്കാന്‍ റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അന്നത്തെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഏപ്രിലിലും ബീഹാറിലെ സാരന്‍ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ജീന്‍സും ടീ ഷര്‍ട്ടും ജോലി സമയത്ത് ധരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഓഫീസുകളില്‍ നിർബന്ധമായും ഐഡി കാര്‍ഡ് ധരിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.


സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഡ്രെസ് കോഡ് നടപ്പിലാക്കി അസം സര്‍ക്കാരിന്‍റെ ഉത്തരവിറങ്ങി ഒരു മാസത്തിന് പിന്നാലെയാണ് ബീഹാറിലും സമാന നടപടി വരുന്നത്. മേയ് മാസത്തിലാണ് ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് അസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾക്ക് മാതൃകയാവേണ്ട അദ്ധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.


പൊതുജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് ചില അദ്ധ്യാപകര്‍ ശീലമാക്കിയതിന് പിന്നാലെയാണ് തീരുമാനമെന്ന് ഉത്തരവ് വ്യക്തമാക്കിയിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഉത്തര്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സര്‍‌ക്കാരുകൾ സമാന നടപടി സ്വീകരിച്ചിരുന്നു.



Post a Comment

Previous Post Next Post

WB AD


 


 

LIVE