മയക്കുമരുന്ന് കേസില്‍ നിരപരാതി ജയിലില്‍ കിടന്ന സംഭവം,ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

 



തൃശ്ശൂർ:ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ എൽ.എസ്.ഡി. സ്റ്റാമ്പ് കേസിൽ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംബി.രാജേഷ്. സംഭവത്തിൽ എക്സൈസ് വിജിലൻസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംഭവത്തെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്. എക്സൈസ് വിജിലൻസ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ഇപ്പോൾ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാർക്കെതിരെ നപടിയുണ്ടാകും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ ഉണ്ടാകില്ല' മന്ത്രി പറഞ്ഞു.


എക്സൈസിന് ഒരു വിവരം കിട്ടിയാൽ അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തേണ്ടി വരും. മയക്കുമരുന്നിനെതിരായി എക്സൈസിന്റെ നേതൃത്വത്തിൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിനെ സ്വാർത്ഥതാത്പര്യത്തിന്റെ പേരിൽ ആരെങ്കിലും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരായ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.ഫെബ്രുവരി 27 -നാണ് ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമയായ ഷീലയെ ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്.


ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് അറസ്റ്റെന്നായിരുന്നു വിശദീകരണം. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാതെ പകച്ചുനിന്ന ഷീലയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വാർത്ത എക്സൈസ് സംഘം
മാധ്യമങ്ങൾക്കുനൽകി.



ഷീലയുടെ വാക്കുകൾ കേൾക്കാൻപോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥർ അന്നുതന്നെ കോടതിയിൽ ഹാജരാക്കി. ആ രാത്രി റിമാൻഡിലായ ഷീലയ്ക്ക് മേയ് 10- നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. പിടികൂടിയത് വെറും
കടലാസുകഷണങ്ങളാണെന്ന് തെളിഞ്ഞിരുന്നു. 51കാരിയായ ഷീല വിയ്യൂർ ജയിലിൽ 72 ദിവസം കിടന്നിരുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE