ഓർക്കാട്ടേരിയിൽ കെ.എസ്.ഇ.ബി.ക്ക് സ്വന്തം കെട്ടിടം;ആദ്യപടി കടന്നതായി എം.എൽ.എ.

വടകര; ഓർക്കാട്ടേരി സെക്ഷനിൽ വർഷങ്ങളായി കെ.എസ്.ഇ.ബി വാടകകെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വർഷം തോറും ലക്ഷങ്ങളാണ് വാടകയിനത്തിൽമാത്രം കെ.എസ്.ഇ.ബിക്ക് ഇങ്ങിനെ നഷ്ടമാകുന്നത്. മുൻപ് 33 കെ.വി സബ് സ്റ്റേഷനായി ഓർക്കാട്ടേരി മണപ്പുറത്ത് കെ.എസ്.ഇ.ബിക്ക് 80 സെന്റ് സ്ഥലം ഉള്ളപ്പോഴാണ് ഇങ്ങിനെ ലക്ഷങ്ങൾ വാടകയിനത്തിൽ നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതിവകുപ്പ് മന്ത്രിയെ പലതവണ നേരിൽ കാണുകയും സ്വന്തം സ്ഥലത്തു കെ.എസ്.ഇ.ബിക്ക് സ്വന്തമായൊരു കെട്ടിടം വേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമുണ്ടായി. തുടർന്ന് 2022 സപ്തംബർ 28ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമതിയുടെയും സർവകക്ഷി നേതാക്കളുടെയും പ്രത്യേകയോഗം ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിൽ വിളിച്ചു ചേർക്കുകയും, പ്രസ്തുത സ്ഥലത്തു സ്വന്തമായി സബ്ഡിവിഷൻ ഓഫീസ് പ്രവർത്തികമാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

മണപ്പുറത്തുള്ള 80 സെന്റ് സ്ഥലം വൈദ്യുതി വകുപ്പിന്റെ ട്രാൻസ്മിഷൻ വിംഗിന്റെ അധീനതയിലായിരുന്നു. ഇത് ഡിസ്ട്രിബ്യൂഷൻ വിംഗിന് കൈമാറിയാൽമാത്രമെ കെട്ടിടനിർമാണം നടക്കുകയുള്ളൂ. നിരന്തര സമ്മർദത്തിന്റെ ഫലമായി ആദ്യപടിഎന്ന നിലയിൽ ട്രാൻസ്മിഷൻ വിംഗിൽനിന്നും ഡിസ്ട്രിബ്യൂഷൻ വിംഗിലേക്ക് മണപ്പുറത്തെ സ്ഥലം കൈമാറി ഉത്തരവിറങ്ങിയതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ഓർക്കാട്ടേരി സെക്ഷൻ ഓഫീസും, സ്റ്റോർ റൂമും നിർമ്മിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറായതായും ഇതിനുള്ള ഭരണാനുമതി ലഭിക്കുന്നതിനായുള്ള ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ അറിയിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE