12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീ; ചായക്കടയിൽ തിരക്കോട് തിരക്ക്, പൊലീസ് രംഗത്ത്

 ചെന്നൈ:  പൊലീസിന്‍റെയും ബൗൺസർമാരുടെയും കാവലില്‍ ചെന്നൈയിൽ ചായ വിൽപ്പന. വിൽക്കുന്നത് ചായയാണെങ്കിലും സൂപ്പർ താരം ചായയല്ല എന്നതാണ് പ്രത്യേകത. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് വി ഐ പി ചായ വിൽപന.  വൈകീട്ട് നാലിനേ ചായവിൽപ്പന തുടങ്ങൂ. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. ചായ സ്പെഷ്യൽ ആയതുകൊണ്ടല്ല ഈ തിരക്ക് , കാരണം മറ്റൊന്നാണ്. തക്കാളി വില 200 തൊട്ടതോടെയാണ് കടയുടമ ആരും വീണും പോകുന്ന ഓഫര്‍ വച്ചത്.

300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകർഷിക്കാൻ കൈപൊള്ളുന്ന ഓഫർ മുന്നോട്ടുവെച്ചത്. അതോടെ തിരക്കായി, ആളായി, ബഹളമായി. തിരക്ക് കൂടിയതോടെ ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തി. ടോക്കണ്‍ ചായയുടെ പേരിലെങ്കിലും തക്കാളി കിട്ടിയാൽ ചായ എടുക്കാൻ പലരും മറക്കും. തക്കാളിക്കായി ഓട്ടോ പിടിച്ചും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ബൗൺസര്‍മാരും വരെ ഇറങ്ങി. തമിഴ്നാട്ടിൽ തൽക്കാലം ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് പറയുന്നത്. 


അതേസമയം, രാജ്യത്ത് തക്കാളി വില മുകളിലോട്ടുതന്നെയാണ്. ദില്ലിയിൽ തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയർന്നു. 220  രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ 250 ലേക്കെത്തിയിട്ടുണ്ട് വില. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 


Post a Comment

Previous Post Next Post

WB AD


 


 

LIVE