നാട്ടുകാരെ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കണ്ണൂരിലെ 15 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാർത്ത വ്യാജം

കണ്ണൂർ : കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പതിനഞ്ചുകാരിയുടെ വ്യാജപരാതി പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിർത്തി. ബുധനാഴ്ച രാവിലെ 9.10-ഓടെയാണ് വാർത്തയുടെ തുടക്കം. നഗരസഭയുടെ പുഴാതി സോണൽ ഓഫീസിന് മുന്നിലെ പുലിമുക്ക് റോഡിലൂടെ നടക്കുമ്പോൾ തന്നെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

വീട്ടിൽനിന്ന് സ്കൂളിലേക്ക് ബസ് കയറാനായി കനാൽ റോഡിലൂടെ നടന്നുവരുമ്പോൾ കറുപ്പ് നിറമുള്ള വാൻ പെട്ടെന്ന് മുന്നിൽ നിർത്തുകയും മുഖംമൂടി ധരിച്ച നാലുപേർ പിറകുവശത്തുള്ള വാതിൽ തുറന്ന് വാനിലേക്ക് കയറ്റാൻ ശ്രമിച്ചെന്നും കുതറിയോടി അടുത്തുള്ള കടയുടെ ചുമരിന് സമീപം ഒളിച്ചിരുന്നെന്നും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. ഓടിരക്ഷപ്പെട്ടതോടെ വാൻ വേഗത്തിൽ കക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയെന്നും കുട്ടി പറഞ്ഞു.രക്ഷിതാക്കൾ ബഹളംവെച്ച് കുട്ടിയെയും കൂട്ടി
സംഭവസ്ഥലത്തെത്തി.


സ്ഥലത്തെത്തിയ എ.കെ. ഓട്ടോ സെന്റർ ഉടമ എ.കെ. ബിജു പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ടൗൺ
പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും
മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് എത്തിച്ച് മൊഴി രേഖപ്പെടുത്തി.
പോലീസ് ജില്ലയൊട്ടുക്കും ജാഗ്രത നിർദേശം നൽകി 

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വാർത്ത പരന്നതോടെ പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ റോഡിലിറങ്ങി രോഷം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും കൂട്ടത്തോടെ സ്ഥലത്തെത്തി.

പെൺകുട്ടികൾക്ക് നേരേ അക്രമം തുടർന്നാൽ ആയുധമെടുത്ത് പോരാടുമെന്നും ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ ഗതി ഇനി ഇവിടെ ആർക്കും ഉണ്ടാകാൻ പാടില്ലെന്നും മേയർ ടി.ഒ. മോഹനൻ പറഞ്ഞു. പോലീസിന്റെ
പ്രാഥമികാന്വേഷണത്തിൽത്തന്നെ ഇത് കുട്ടിയുണ്ടാക്കിയ കഥയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.

സംഭവം നടന്നെന്ന് പറയുന്ന കനാൽ റോഡിലെ യൂണിറ്റി സെന്ററിന് മുന്നിലുള്ള സി.സി.ടി.വി. ദൃശ്യം പോലീസ് വിശദമായി പരിശോധിച്ചു. രാവിലെ 8.30 മുതൽ 11 വരെയുള്ള സമയങ്ങളിൽ പെൺകുട്ടി മൊഴിനൽകിയ പ്രകാരം കറുത്ത വാൻ അതുവഴി കടന്നുപോയിട്ടില്ലെന്ന് വ്യക്തമായി. പെൺകുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തു.

കുട്ടിയുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടായിരുന്നു. മൂന്നുതവണ മൊഴിമാറ്റിപ്പറഞ്ഞു. നഗരത്തിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ ക്ലാസ് അധ്യാപികയുടെ മൊഴിയും രേഖപ്പെടുത്തി. ചില സന്ദർഭങ്ങളിൽ പെൺകുട്ടി വിരുദ്ധമായി പെരുമാറാറുണ്ടെന്ന് അധ്യാപികയും മൊഴി നൽകി.

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചില്ലെന്നും കുട്ടി വ്യാജകഥയുണ്ടാക്കിയതാണെന്നും എ.സി.പി. ടി.കെ. രത്നകുമാർ പറഞ്ഞു. 

Post a Comment

Previous Post Next Post

WB AD


 


 

LIVE