പീഡനവിവരം അറിയിച്ചിട്ടും അധികൃതർ ഗൗരവമായെടുത്തില്ല; കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസില്‍ മൊഴി നല്‍കി അതിജീവിത

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവിവരം അറിയിച്ചിട്ടും അധികൃതർ ഗൗരവമായെടുത്തില്ലെന്ന് അതിജീവിത രേഖാമൂലം അന്വേഷണസംഘത്തിന് മൊഴി നൽകി.


മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജോയിന്റ് ഡിഎംഇ ഡോ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം അതിജീവിതയുടെ വിശദമായ മൊഴിയെടുത്തത്. സംഭവത്തിൽ സസ്പെൻ‍ഡ് ചെയ്ത അഞ്ച് ജീവനക്കാരെ തിരിച്ചെടുത്തതും വിവാദമായതിന് പിന്നാലെ നടപടി പിൻവലിച്ചതിലുമടക്കമാണ് ഡിഎംഇ നിയോഗിച്ച സംഘം അന്വേഷണം നടത്തുന്നത്. ഗുരുതരമായ സംഭവത്തിൽ സൂപ്രണ്ടിന് പരാതി നൽകിയിട്ടുപോലും നടപടികൾ ഗൗവരത്തിലായിരുന്നില്ലെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. വനിതകളായ അറ്റൻഡർമാരെ നിയോഗിക്കണമെന്നും ഐസിയുവിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും അതിജീവിത നൽകിയ മൊഴിയിലുണ്ടെന്നാണ് വിവരം. അന്വേഷണസംഘം യുവതിയിൽ നിന്ന് വിശദമായ പരാതി എഴുതിവാങ്ങി. 


സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുപ്പ് വരും ദിവസങ്ങളിലും തുടരും. യുവതിയെ പീഡിപ്പിച്ച കേസിൽ ഗ്രേഡ് വണ്‍ അറ്റന്‍ഡർ ശശീന്ദ്രനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്പെൻഡ‍് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ശശീന്ദ്രന്‍റെ സഹപ്രവര്‍ത്തകരായ അഞ്ച് ജീവനക്കാർ പീഡനത്തിനിരായ യുവതിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനും മൊഴി മാറ്റാനും ശ്രമിച്ചത്. തുടര്‍ന്ന് ഈ ജീവനക്കാർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഈ സംഭവത്തിൽ അതിജീവിതക്കൊപ്പം നിന്നതിന്റെ പേരിൽ സീനിയർ നഴ്സിങ് ഓഫീസറെ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രിൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷണം നടത്തി ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഈ റിപ്പോർട്ടിൽ തുടർനടപടിയുണ്ടായിട്ടില്ല.


Post a Comment

Previous Post Next Post

WB AD


 


 

LIVE