വടകര: നിലവിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്ത വടകര നിയോജകമണ്ഡലത്തിലെ കണ്ണൂക്കര ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി കാർത്തികപ്പള്ളി വില്യാപ്പള്ളി വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. ഈ ആവശ്യം ഉന്നയിച്ചു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. നേരത്തെ ഒരു പ്രൈവറ്റ് ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതു മൂലം ഈ പ്രദേശത്തെ വിദ്യാർത്ഥികളും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന പ്രദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്. 20 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ഒരു പുതിയ സർവീസ് ആരംഭിക്കുകയാണെങ്കിൽ ലാഭകരമായ രീതിയിൽ ദിവസേന അഞ്ചു സർവീസുകളെങ്കിലും നടത്താൻ സാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചുമാണ് ഈ വിഷയം സർക്കാരിന്റെ മുൻപിൽ അവതരിപ്പിച്ചത്. രണ്ടാഴ്ചക്കകം താത്കാലിക സർവീസ് അനുവദിക്കാമെന്നും തുടന്നുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചു ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയതായും എം.എൽ.എ അറിയിച്ചു.
ഒഞ്ചിയം വില്യാപ്പള്ളി വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസിനായി ഗതാഗതമന്ത്രിയെ നേരിൽ കണ്ട് കെ.കെ.രമ എം.എൽ.എ
NEWS DESK
0
Tags
പ്രാദേശികം
Post a Comment