കൊച്ചി: മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയിലാണ് പനങ്ങാട് പൊലീസ്. നാല് ദിവസം മുമ്പ് നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫുട്ബാളാണ് പൊലീസിന് കീറാമുട്ടിയായത്.
പ്രദേശത്ത് ഒരു കൂട്ടം കുട്ടികളും യുവാക്കളും പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പൊലീസിന്റെ ജീപ്പിൽ ഫുട്ബാൾ വന്നുകൊണ്ടു. ഇതോടെ പ്രശ്നത്തിൽ ഇടപെട്ട പൊലീസ് പന്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്ത് പിടിച്ചെടുത്തതോടെ കുട്ടികൾ പൊലീസിനെതിരെ തിരിഞ്ഞു. വീഡിയോയും പകർത്തി. ഇതു പുറത്തുവന്നതോടെയാണ് ഫുട്ബാൾ കസ്റ്റഡി പാട്ടായതും പൊലീസ് പൊല്ലാപ്പിലായതും. കുട്ടികളെത്തിയാൽ പന്ത് തിരികെ നൽകാമെന്ന് പൊലീസ് സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയില്ല. കളത്തിൽ ആവേശത്തോടെ കുതിച്ചുപാഞ്ഞ പന്തിപ്പോൾ പനങ്ങാട് സ്റ്റേഷനിലെ മൂലയ്ക്കിരിപ്പാണ്.
കുട്ടികൾ പറയുന്നത്. വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തുമ്പോൾ ഗ്രൗണ്ടിൽ തങ്ങൾ ഫുട്ബാൾ കളിക്കുകയായിരുന്നു. ജീപ്പ് മാറ്റണമെന്നും പന്ത് കൊല്ലുമെന്നും പൊലീസിനോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. പന്ത് പൊലീസ് വാഹനത്തിൽ കൊണ്ട ഉടൻ എസ്.ഐയുടെ നേതൃത്വത്തിലുള്ല സംഘം കയർത്തു. പിന്നാലെ ഫുട്ബാൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
പൊലീസ് പറയുന്നത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന വിധത്തിലാണ് ഫുട്ബാൾ കളിച്ചിരുന്നത്. പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും മോശം പെരുമാറ്റമാണ് ഉണ്ടായത്. ഇതിനിടെ പൊലീസ് ജീപ്പിലേക്ക് പന്ത് അടിച്ചതിനെ തുടർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫുട്ബാൾ കളിക്ക് എതിരല്ല. സ്റ്റേഷനിൽ നിന്ന് പന്ത് കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്.
Post a Comment