കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം ചെയ്ത ഹർഷിനയെ വലിച്ചിഴച്ച് അറസറ്റ്‌ചെയ്ത് അങ്ങേയറ്റം അപലപനീയമാണെന്ന് കെ.കെ രമ എം.എൽ.എ. നീതിക്കുവേണ്ടി സമരംചെയ്യുന്നവരെ പീഡിപ്പിക്കുന്ന നയമാണ് കേരളത്തിലെ ആഭ്യന്തരവകുപ്പ് കഴിഞ്ഞ കുറേകാലമായി നടത്തുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരോട് ഇങ്ങിനെ ക്രൂരമായി പെരുമാറാൻ പൊലിസിന് എന്താണ് അവകാശം. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് നാഴികയ്ക്ക് പ്രസ്താവനയിറക്കുന്ന ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് നീതിയുറപ്പാക്കാൻ വേണ്ടത് ചെയ്യാത്തത്. മന്ത്രിക്കും മുകളിലുള്ള ഏതോ ശക്തികളാണോ ഇക്കാര്യത്തിൽ തടസമാകുന്നതെന്ന് വ്യക്തമാക്കണം.ഹർഷിനയുടെ കേസ് അന്വേഷിച്ച പൊലിസ് നൽകിയ റിപ്പോർട്ടിന് എതിരാണ് മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ട്. ഇതെന്തു കൊണ്ട് സംഭവിച്ചു എന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. മെഡിക്കൽ പരിശോധനകളൊന്നും നടത്തേതായാണ് പോലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണോ ഇതിൽ നിന്നും ജനങ്ങൾ മനസിലാക്കേണ്ടത്? കൃത്യമായി മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ ശസ്ത്രക്രിയയിലാണ് തന്റെ വയറ്റിൽ കത്രികകുടുങ്ങിയതെന്ന് ഹർഷിന പറയുന്നുണ്ട്. മെഡിക്കൽ ബോർഡ് കത്രിക മെഡിക്കൽകോളജിന്റെതല്ലെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് അതിന്റെ ശാസ്ത്രീയ വശങ്ങൾ പരാതിക്കാരിക്ക് ബോധ്യപ്പെടുന്ന രീതിയിൽ ചെയ്യാത്തത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് കൃത്യമായ അന്വേഷണം നടത്താൻ വിദഗ്ദരടങ്ങുന്ന സമിതിയെ നിമിക്കണം. ഹർഷിനയുടെ വയറ്റില് കത്രിക മറന്നുവച്ചു എന്നത് ഉറപ്പുണ്ടെങ്കിൽ ഈ സംഭവത്തിലെ കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നേ തീരു. ഒരായുസുമുഴുവൻ അനുഭവിക്കേണ്ട വേദനതിന്ന ഹർഷിനയെ കൊടും കുറ്റവാളിയെപ്പോലെ വലിച്ചിഴച്ച് അറസ്റ്റ്‌ചെയ്യാൻ നേതൃത്വം കൊടുത്ത പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്നും നീതിയുറപ്പാകുംവരെ ഹർഷിനയുടെ സമരത്തോടൊപ്പമുണ്ടാകുമെന്നും കെ.കെ രമ എം.എൽ.എ വ്യക്തമാക്കി.
Post a Comment