വടകര ജില്ലാ ആശുപത്രിയിലെ ആശ്രിത നിയമനകൾക്കും, അഴിമതിക്കുമെതിരെ റവല്യൂഷണറി യൂത്ത് സമരപ്പകൽ സംഘടിപ്പിച്ചു.

വടകര: ഗവ.ജില്ലാ ആശുപത്രിയിലെ വിവിധങ്ങളായ വിഷയങ്ങൾ ഉന്നയിച്ച് റവല്യൂഷണറിയൂത്ത് സമരപ്പകൽ നടത്തി. ആശുപത്രിയിൽ ആദ്യപ്രസവം എടുക്കുക, ഇപ്പോഴും സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ധന്വന്തരി ഡയാലിസിസ് സെന്റർ ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മറ്റിയുടെ അധീനതയിലാക്കുക, ഭരണസ്വാധീനമുപയോഗിച്ച് ചട്ട വിരുദ്ധമായും,അന്യായമായും സ്വന്തക്കാരെ ആശുപത്രിയിൽ ജോലിക്കു നിയമിച്ച ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മറ്റി അംഗത്തെ കമ്മറ്റിയിൽ നിന്നും പുറത്താക്കുക, കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ധന്വന്തരി സെന്ററിനായി നാല്പതു ഡയാലിസിസ് മെഷിനുകൾ വാങ്ങിയതിൽ അഴിമതി അന്വേഷിക്കുക, ഡയാലിസിസ് മെഷിൻ വാങ്ങിയതിലുള്ള അഴിമതി മറയ്ക്കാൻ ജനങ്ങളുടെ പണംപിരിച്ചു വാങ്ങിയ ഡയാലിസിസ് യന്ത്രങ്ങൾ മറ്റൊരു ആശുപത്രിക്കു മറിച്ചു നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് ആശുപത്രി പ്രവർത്തനങ്ങൾ മാറ്റുന്നതിൽ ജില്ലാപഞ്ചായത്തു കാണിക്കുന്ന മെല്ലെപ്പോക്ക് നയം തിരുത്തുക, പുതുതായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലും, ചുറ്റുമതിൽ നിർമ്മാണത്തിലും ഉണ്ടായ അപാകത പരിശോധിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക. ചുരുങ്ങിയ ചിലവിൽ മരുന്ന് വാങ്ങാൻ പറ്റുന്ന സർക്കാർ സബ്സിഡിയുള്ള കാരുണ്യ മെഡിക്കൽ ഷോപ്പ് പൊളിച്ചുമാറ്റാനുള്ള നീക്കം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റവല്യൂഷണറി യൂത്ത് സമരം സംഘടിപ്പിച്ചത്. റവല്യൂഷണറി മാർക്‌സിസ്റ്റ്പാർട്ടി സംസ്ഥാന സമിതിയംഗം ടി.കെ സിബി ഉദ്ഘാടനം ചെയ്തു.
സംസഥാനത്തെ സാധാരണ താലൂക്ക് ആശുപത്രികളിൽ പോലും ആദ്യ പ്രസവം എടുക്കുന്ന സമയത്ത് വടകര ജില്ലാ ആശുപത്രിയിൽ മാത്രം ഇത് ചെയ്യാത്ത ജില്ലാ പഞ്ചായത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റകെട്ടായി സമരരംഗത്ത് ഇറങ്ങേണ്ടതുണ്ട്. ധന്വന്തരി ഡയാലിസിസ് സെന്ററിന്റെ പേരിൽ വലിയ വഞ്ചനയാണ് ചില നിക്ഷിപ്ത താല്പര്യക്കാരായ എച്ച്.എം.സി അംഗങ്ങളും ജില്ലാ പഞ്ചായത്തും ജനങ്ങളോട് കാണിക്കുന്നത്. ഒരു സർക്കാർ ആശുപത്രിയിൽ ഇപ്പോഴും സിപിഎം ജില്ലാ നേതാവായ സി.ഭാസ്കരൻ മാസ്റ്റർ ഫൗണ്ടർ ട്രസിറ്റി ആയിട്ടുള്ള സ്വകാര്യ ട്രസ്റ്റിന് കീഴിലാണ് ധന്വന്തരി പ്രവർത്തിക്കുന്നത്. കാലമിത്രയായിട്ടും എന്തുകൊണ്ടാണ് ഈ ട്രസ്റ് പിരിച്ചുവിട്ട് ധന്വന്തരി ഡയാലിസിസ് നിധി ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ അധീനതയിൽ ആക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഈ ട്രസ്റ് നിലവിലില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ പുതിയ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ധന്വന്തരിപ്രവർത്തിക്കുന്നത് എന്നാണ് ജില്ലാ പഞ്ചായത്തു ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. ഇത് പെരും നുണയാണ്, സി.പി.എം നേതാവ് ഫൗണ്ടർ ആയിക്കൊണ്ടുള്ള ട്രസ്റ്റല്ല ഇപ്പോൾ ആശുപത്രിയിൽ ഉള്ളതെന്ന് തെളിയിക്കാൻ ജില്ലാ പഞ്ചായത്തു അധികൃതർ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ധന്വന്തരിയുടെ കീഴിൽ ഈയടുത്തായി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് 40 ഡയാലിസിസ് മെഷിനുകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടു വർഷം വാറന്റിയുള്ള മെഷിനുകൾ വില്പനക്കാരായ കമ്പനിക്ക് സഹായകമാകുംവിധം ഒരു വർഷമാക്കി വെട്ടിച്ചുരുക്കിയത് ആരുടെ താല്പര്യത്തിനാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കുതിര കച്ചവടം മറക്കുന്നതിനായി വാങ്ങിയ മെഷിനുകൾ മറ്റൊരാശുപത്രിക്ക് മറിച്ചു നൽകാനുള്ള നീക്കമാണ് ഇപ്പോൾ ഇവർ നടത്തുന്നത്. നൂറുകണക്കിന് ഡയാലിസിസ് രോഗികൾ ചികിത്സ ലഭിക്കാതെ വലയുമ്പോഴും ഉപയോഗത്തിലുള്ള മെഷിനുകൾ മറിച്ചു നൽകാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം ഇടപാടുകൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി ഇപ്പോൾ സ്വന്തം മകന്റെ ഭാര്യയെ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയായി നിയമിച്ചിരിക്കുന്നത്. ഇന്റർവ്യൂ ബോർഡ് അംഗമായിരിക്കെ അനധികൃതമായി നടത്തിയ നിയമനത്തെ ന്യായീകരിക്കാൻ സ്വന്തം മകന്റെ ഭാര്യ തന്റെ ബന്ധുവല്ല എന്ന ന്യായമാണ് ഇയാൾ പറഞ്ഞത്. ഇത്തരം ആളുകൾക്ക് എന്ത് രാഷ്ട്രീയ ധാർമ്മികതയാണ് ഉള്ളതെന്ന് പൊതുജനം വിലയിരുത്തണമെന്നും സിബി കൂട്ടിച്ചേർത്തു.
പരമ പ്രധാനമായ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും വരെ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടനാഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
 ഒ.കെ നിഖിൽ അധ്യക്ഷനായി. എ.പി ഷാജിത്ത്, പി.എം വിനു, ശരണ്യ വാഴയിൽ, ജി.രതീഷ്, നാസർ ചോറോട്, അപർണ്ണ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE