ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതികമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇന്നുച്ചയോടെയാണ് ശിവശങ്കറിന് ജയിലിൽ നിന്നിറങ്ങാൻ കഴിഞ്ഞത്.
അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ കോഴക്കേസിലാണ് എം ശിവശങ്കറിന് ഇടക്കാല ജാമ്യം ലഭിച്ചത്. കസ്റ്റഡിയിൽ നിന്നുകൊണ്ട് തന്നെ ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളിയാണ് ജാമ്യം നൽകിയത്. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലായിരുന്നു. ജയിൽ മോചനത്തിന് കലൂരിലെ പിഎംഎൽഎ കോടതി അനുമതി നൽകിയെങ്കിലും സ്വർണക്കടത്ത് കേസിലെ പ്രൊഡക്ഷൻ വാറണ്ട് കൂടി റദ്ദാക്കിയാൽ മാത്രമേ ജാമ്യനടപടികൾ പൂർത്തിയാവുകയുള്ളു എന്നതിനാലാണ് ജയിൽ മോചിതനാകാൻ വൈകിയത്.
Post a Comment