ബെംഗളൂരുവിൽ നിന്നും വൻതോതിൽ MDMA എത്തിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : ബെംഗളൂരുവിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിൽ എത്തിച്ച് കോഴിക്കോട് ചേവായൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമദ് ഹുസൈൻ (30) മായനാട് സ്വദേശി തടോളി ഹൗസിൽ രഞ്ജിത്ത്. ടി (31) എന്നിവരെയാണ് കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

ജൂലൈ 15 ന് ചേവായൂർ പൊലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് കോട്ടപ്പുറം സ്വദേശി കാര്യ പറമ്പത്ത് വീട്ടിൽ ഷിഹാബുദ്ധീനെ (46) 300 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയപ്പോൾ ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചത് രഞ്ജിത്ത് ആയിരുന്നുവെന്ന് കണ്ടെത്തി. രഞ്ജിത്തിനെ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തിനെ  കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എടുത്ത് കൊടുത്തത് മുഹമദ് ഹുസൈനാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാളെ ബെംഗളൂരുവിൽ വച്ച് പൊലീസ് പിടികൂടുകായയിരുന്നു.


അറസ്റ്റിലായ മുഹമദ് ഹുസൈൻ കൊടുവള്ളി കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ്. കഞ്ചാവ് കേസിൽപ്പട്ടതോടെ നാട് വിട്ട ഇയാൾ അഞ്ചു വർഷത്തോളമായി ബെംഗളൂരുവിലെ ഉൾനാടൻ ഗല്ലിയിൽ രഹസ്യമായി താമസിച്ച് നീഗ്രോ വിഭാഗത്തിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വാങ്ങിയ ശേഷം കേരളത്തിൽ നിന്ന് വരുന്ന ആവശ്യകാർക്ക് വിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ആയിരുന്നു ഇടപാടുകാരുമായുള്ള കണക്ഷൻ.  പിടിയിലായ ആർക്കും  മുഹമദിനെക്കുറിച്ച്  വ്യക്തമായ വിവരം നൽകാൻ ഇതുകൊണ്ട് തന്നെ സാധിച്ചിരുന്നില്ല.


പ്രതിയുടെ രഹസ്യ നീക്കങ്ങള്‍ പൊലീസിനെയും ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാൾ താമസിക്കുന്ന ബാംഗ്ലൂരിലെ രഹസ്യകേന്ദ്രവും ഇടപാട് രീതികളും മനസിലാക്കിയ ഡൻസാഫ് സംഘം  ഗല്ലിക്കുള്ളിൽ വെച്ച് വളയുകയായിരുന്നു. എന്നാൽ വേഷം മറിയെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഡൻസാഫ് സംഘം വളരെ സാഹസികമായി കസ്റ്റഡിയിലെടുത്തു, പിടിയിലായ രഞ്ജിത്ത് വൈത്തിരി സ്റ്റേഷനിലെ പോക്സോ കേസിലേയും മീനങ്ങാടി എക്സൈസിലെ മയക്ക്മരുന്ന് കേസിലേയും ടൗൺ സ്റ്റേഷനിലെ പീഡന കേസിലേയും പ്രതിയാണ്. പിടിയിലായ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. ഈ കേസിൽ ഇത് വരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.


വർധിച്ചുവരുന്ന ലഹരി വില്പനയുടെ സോഴ്സ് കണ്ടെത്തുന്നതിനും കേസിലുൾപ്പെട്ട മുഴുവൻ പേരെയും പിടികൂടുന്നതിനുമുള്ള കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ പ്രത്യക നിർദ്ദേശ പ്രകാരം കേസിന്റെ തുടരന്വേഷണം നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ ഏറ്റെടുക്കുകയയായിരുന്നു. ശേഷം ഡാൻസഫ് സംഘത്തെ ഉൾപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്. ഡൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്‌മാൻ, എസ്.സി.പി.ഒ അഖിലേഷ്‌ കെ, അനീഷ് മൂസൻ വീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post

WB AD


 


 

LIVE