മണിയൂര്‍: പാലിയം മണിയൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്റര്‍ കെട്ടിടം പ്രവര്‍ത്തി അവസാനഘട്ടത്തില്‍. നിലത്ത് ടൈല്‍ പാകുന്നതോടെ കെട്ടിടം പ്രവര്‍ത്തനസജ്ജമാകും. എന്നാല്‍ ഇവിടെയ്ക്ക് ആവശ്യമായ ഡയാലിസിസ് യന്ത്രങ്ങള്‍ എങ്ങനെ കണ്ടെത്തും എന്നറിയാതെ വിഷമത്തിലാണ് ട്രസ്റ്റ് അംഗങ്ങളും രോഗികളും നാട്ടുകാരും. കുന്നത്തുകര നെല്ലിക്കുന്ന് മലയില്‍ ഹസന്‍ ഹാജിയുടെ കുടുംബം സംഭാവന നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് ഡയാലിസിസ് സെന്ററിന് കെട്ടിടം പൂര്‍ത്തിയാവുന്നത്.
ഒരു ദിവസം 20 പേര്‍ക്ക് രണ്ട് ഷിഫ്റ്റ്കളിലായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം കെട്ടിടത്തില്‍ ഉണ്ട്. ഇതിലേക്ക് ഒരു യന്ത്രം വാങ്ങുന്നതിന് 7 ലക്ഷത്തോളം രൂപ ചിലവ് വരും. ഇത്തരത്തില്‍ 10 യന്ത്രങ്ങള്‍ ആണ് സെന്ററിന് ആവശ്യം. യന്ത്രങ്ങള്‍ക്ക് പുറമെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ്, കിണര്‍ എന്നിവയും ഇവിടെ ആവശ്യമാണ്. അതിനും നല്ലൊരു തുക ചിലവാകും. ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാസം 2.5 ലക്ഷത്തോളം രൂപ ചിലവ് വരും. അതും ട്രസ്റ്റ് കണ്ടെത്തണം
2022 ഡിസംബര്‍ 25ന് ഒരു ദിവസത്തെ സമാഹരണ യജ്ഞത്തിലൂടെ 80 ലക്ഷം രൂപ ട്രസ്റ്റ് കണ്ടെത്തിയിരുന്നു. അതില്‍ 75 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. 2023 ജനുവരിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ആണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ഒന്നരവര്‍ഷംകൊണ്ട് കെട്ടിടം പ്രവര്‍ത്തി പൂര്‍ത്തിയാക്കുകയാണ് ഇവരുടെ ലക്ഷ്യം.
മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് ചെയര്‍മാനായും പി.സെയ്ദുള്ള കണ്‍വീനറായും ഉള്ള നിര്‍മ്മാണ കമ്മിറ്റിയാണ് പ്രവര്‍ത്തികള്‍ക്ക് നിയന്ത്രിക്കുന്നത്. സൗജന്യ മെഡിക്കല്‍ ഫിസിയോതെറാപ്പി സെന്റര്‍, ക്ലിനിക്, ഗൃഹ പരിചരണം എന്നിവയും ട്രസ്റ്റിന്റെ കീഴില്‍ ഉണ്ട്. പി.സെയ്ദുള്ള പ്രസിഡന്റും, കെ.പി.ദിലീപന്‍ സെക്രട്ടറിയുമായ 21 അംഗ കമ്മിറ്റിയാണ് പാലിയം ട്രസ്റ്റ് നിയന്ത്രിക്കുന്നത്.
വൃക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വടകരയിലെയും സമീപ പ്രദേശങ്ങളിലെയും രോഗികള്‍ ഏറെ പ്രയാസത്തിലാണ്. ദൂരെ സ്ഥലങ്ങളിലേക്ക് പോയി ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയാണ്. പാലിയം ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇതിന് വലിയൊരു പരിഹാരമാകും. എത്രയും വേഗം മെഷീനുകള്‍ കണ്ടെത്താന്‍ സഹായം തേടുകയാണ് പാലിയം മണിയൂര്‍.
Post a Comment