കക്കയം - തലയാട് റോഡിൽ രാത്രിയാത്ര നിരോധിച്ചു

 

കുരാച്ചുണ്ട്: കാലവർഷം ശക്തമായ സാഹചര്യത്തിൽ കക്കയം - തലയാട് റോഡിൽ രാത്രിയാത്ര നിരോധിച്ചു. മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന 28-ാം മൈൽ - തലയാട് മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് രാത്രിയാത്ര നിരോധിച്ച് കെആർഎഫ്ബി അധികൃതർ 28-ാം മൈലിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഈ റൂട്ടിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു റോഡരിക് 20 മീറ്ററോളം ഉയരത്തിൽ ഇടിച്ചിട്ടുണ്ട്. പാതയുടെ താഴ്ഭാഗവും വലിയ ഉയരത്തിൽ ഭിത്തി നിർമിച്ചു വരികയാണ്. പാതയോരത്ത് വൻമരങ്ങൾ വീഴാനും സാധ്യതയുണ്ട്. റോഡ് വീതി വർധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം 26-ാം മൈൽ മേഖലയിൽ മലയിടിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്. റോഡരികിലെ മരം പാതയിലേക്ക് വീണെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

കക്കയം, കരിയാത്തുംപാറ,തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന പ്രധാന റൂട്ടാണിത്. ദിവസേന നൂറുകണക്കിനു ടൂറിസ്‌റ്റുകൾ ഈ റോഡിൽ സഞ്ചരിക്കുന്നതാണ്. 

മഴക്കാലത്ത് ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മലയിടിച്ചിൽ സാധ്യത കൂടുതലുള്ള പ്രദേശമാണിത്. ശക്തമായ മഴയത്ത് ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നത് അപകടത്തിനു കാരണമാകുമെന്നു മുന്നറിയിപ്പിനെ തുടർന്നാണ് അധികൃതർ രാത്രിയാത്ര നിരോധിച്ചിരിക്കുന്നത്. മലയോര ഹൈവേ നിർമാണ പുരോഗതി വിലയിരുത്തുന്നതിനും, കഴിഞ്ഞ ദിവസം മലയിടിച്ചിൽ സംഭവിച്ച 26-ാം മൈൽ പ്രദേശവും കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ്.ജെ.വിജയദാസും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE