വിലങ്ങാട് ഉരുൾപൊട്ടൽ ; ഇരുപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവുമായി വി4 വിലങ്ങാട് ട്രസ്റ്റ്

വിലങ്ങാട് ഉരുൾപൊട്ടൽ ; ഇരുപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവുമായി 
വി4 വിലങ്ങാട് ട്രസ്റ്റ് .
നാദാപുരം :വിലങ്ങാട് ഉരുൾ പൊട്ടൽ ദുരിതബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി വി4 വിലങ്ങാട് ചാരിറ്റബിൾ ട്രസ്റ്റ് രംഗത്ത്.ഇരുപത് ലക്ഷം രൂപയുടെ  
വിദ്യാഭ്യാസ സഹായ സംരഭങ്ങൾ വിലങ്ങാട് മേഖലയിലെ വിദ്യാർത്ഥികൾക്കായി ട്രസ്റ്റ് ആരംഭിക്കുന്നു.
നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലെയും വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെയും വിദ്യാർത്ഥികൾക്ക് വിവിധ വിദ്യാഭ്യാസ കോഴ്‌സുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന ഈ സംരംഭം നിരവധി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുമെന്ന് ട്രസ്റ്റ് പ്രവർത്തകർ പറയുന്നു.
ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് വിലങ്ങാട് കണ്ട എക്കാലത്തേയും വലിയ വിനാശകരമായ ഉരുൾപൊട്ടൽ മേഖലയെ വിറപ്പിച്ചത്. നിരവധി കുടുംബങ്ങൾ ദുരിതത്തിലായി, 18 ഓളം വീടുകൾ പൂർണ്ണമായി തകർന്നു. 313 വീടുകൾ താമസയോഗ്യമല്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു.ദുരിതബാധിതർ കൂടുതൽ വിഷമവൃത്തത്തിലായി. വിലങ്ങാട്ടെ
മലയോര ജനത 
പ്രധാനമായും കൃഷിയെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. എന്നാൽ അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ ഇവരുടെ വരുമാനത്തെയും, ജീവിതത്തെയും സാരമായി ബാധിച്ചു. ഇതോടെ മേഖലയിൽ ദീർഘകാല പുനരധിവാസം വേണമെന്ന അടിയന്തിര ആവശ്യം തിരിച്ചറിഞ്ഞാണ് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി V4 വിലങ്ങാട് രംഗത്തെത്തിയതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.ബംഗ്ലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രജിസ്റ്റർഡ് ചാരിറ്റബിൾ ട്രസ്റ്റാണ് V 4 വിലങ്ങാട്. വിലങ്ങാട് സ്വദേശികളായ ട്രസ്റ്റ് അംഗങ്ങൾ ഇപ്പോൾ ഇന്ത്യയ്ക്ക് അകത്തും ,പുറത്തുമായി നിരവധി രാജ്യങ്ങളിൽ സ്ഥിരതാമസക്കാരാണ്. ഉരുൾപൊട്ടലിൽ തകർന്ന കുടുംബങ്ങളുടെ പുനർനിർമ്മാണത്തിനും പരിവർത്തനത്തിനും വിദ്യാഭ്യാസം ഒരു പ്രധാന ശക്തിയാണെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം എന്നീ മേഖലകളിലെ വിവിധ സംരംഭങ്ങളിലൂടെ വിലങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും കൂടാതെ വിലങ്ങാട് പ്രദേശത്തിൻ്റെ ക്ഷേമവും ഉന്നമനവുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE