ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ: ഐ എൻ എൽ

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം പാർലമെന്ററി ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നുും ബി.ജെ.പി ഇതര പാർട്ടികൾ ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുത്തുതോൽപിക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രമാണ് സംഘ്പരിവാർ അജണ്ടയുടെ പിന്നിൽ.
സാംസ്കാരികമായും മതപരമായും ഭാഷാപരമായും വൈവിധ്യങ്ങൾ നില നിൽക്കുന്ന ഒരു രാജ്യത്തെ ഏകശിലാ രൂപത്തിലേക്ക് പരിവർത്തിപ്പിക്കനുള്ള ആർ.എസ്.എസിന്റെ ദീർഘ കാലസ്വപനമാണ് രാം നാഥ് കോവിൽ കമ്മിറ്റിയുടെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനകം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഫെഡറൽ വ്യവസ്ഥയാണ് ഇതോടെ അപകടകരമാം വിധം അട്ടിമറിക്കപ്പെടാൻ പോവുന്നത്. 18 ഭരണഘടനാ ഭേദഗതികൾ അനിവാര്യമായി വരും എന്നതിൽനിന്ന് തന്നെ രാഷ്ട്രശിൽപികൾ വിഭാവന ചെയ്ത ഒരു വ്യവസ്ഥിതിയെ തന്നെ വിപാടനം ചെയ്യാനാണ് പദ്ധതിയെന്ന് വ്യക്തമാവുന്നതായി പാർട്ടി പ്രമേയത്തിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. പാർട്ടിക്ക് ദുരിത നിവാരണത്തിനും ജീവകാരുണ്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ കൂട്ടായ്മ രൂപീകരിക്കാൻ ​തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തി. ഒക്ടോബർ 19ന് കോഴിക്കോട്ട് വിപുലമായി പി.എം. അനുസ്മരണ സമ്മേളനം നടത്തും. നവംബർ 3ന് ബെങ്കളുരുവിൽ നടക്കുന്ന സുലൈമാൻ സേട്ട് അനുസ്മരണ ദേശീയ കൺവെൻഷനിൽ കേരളത്തിൽനിന്ന് 500പേരെ പങ്കെടുപ്പിക്കും. പോഷക ഘടകങ്ങളെ കാലോചിതമായി നവീകരിക്കാൻ പദ്ധതി തയാറാക്കാൻ തീരുമാനിച്ചു.

ബി.ഹംസ ഹാജി, അഷറഫലി വല്ലപ്പുഴ,എം.എ ലത്തീഫ്, ഒ.ഒ ശംസു, ശോഭ അബൂബക്കർ ഹാജി, സമദ് നരിപ്പറ്റ, എസ്.എം ബഷീർ, സമദ് തയ്യിൽ, റാഫി കൂത്തുപറമ്പ്, സിറാജ് തയ്യിൽ, ഹമീദ് ചെങ്കളായി, ഒ.പി അബ്ദുറഹ്മാൻ, നാസർ ചെനക്കലങ്ങാടി, ഇബ്രാഹീം, കലാംമേപ്പാടി, അസീസ് പരുത്തിപ്പാറ, ബഷീർ മണ്ണാർക്കാട്, മുഹമ്മദ് ചാമക്കാല, സാലി സജീർ, നജീബ് എറണാകുളം, രാജൻ സുലൈമാൻ, നിസാർ നൂർമഹൽ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE