പുത്തൂരിൽ റിട്ട. പോസ്റ്റ്മാൻ പാറേമ്മൽ രവീന്ദ്രനേയും മകനെയും വീട്ടിൽ കയറി അക്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.ഇവരിൽ രണ്ടു പേരെ തെളിവെടുപ്പിനെത്തിച്ചു. വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് (42) എന്നിവരുമായാണ് വടകര പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇവരാണ് അക്രമത്തിന് ശേഷം ആയുധം ഒളിപ്പിച്ചത്.
രവീന്ദ്രനെ അക്രമിക്കാനുപയോഗിച്ച രണ്ട് പട്ടിക പ്രതികൾ എൻസി കനാലിൽ നിന്നു പോലീസിന് എടുത്ത് നൽകി. പ്രതികളെ അഞ്ചു പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ മുഖ്യപ്രതി സൂർജിത്തിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രണ്ടു ദിവസത്തേക്കാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളിൽ തിരികെ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ച ജീപ്പ് നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58), പട്ടർ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയിൽ മനോജൻ (40) എന്നിവരാണ് മറ്റു പ്രതികൾ.
ഇക്കഴിഞ്ഞ നാലിന് രാത്രി 10.45 ഓടെയാണ് റിട്ട. പോസ്റ്റ്മാൻ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും സംഘം മുഖം മൂടി ധരിച്ച് വീട്ടിൽ കയറി അക്രമിച്ചത്.രവീന്ദ്രന്റെ കാൽ തല്ലി ഒടിക്കുകയും തടയാനുള്ള ശ്രമത്തിനിടയിൽ മകൻ ആദർശിന് പരിക്കേൽക്കുകയുമുണ്ടായി.
Post a Comment