കിഴക്കൻ മുത്തൂരുകാർക്ക് ഭീതിയായി മാറിയിരിക്കുകയാണ് 'ന്യുജെൻ പിള്ളേരുടെ ' റീൽസ് ചിത്രീകരണം . അടുത്തകാലത്ത് തിരുവല്ല ഔട്ടർ ബൈപ്പാസിന്റെ ഭാഗമായി ഉന്നത നിലവാരത്തിൽ നവീകരിച്ചതാണ് കിഴക്കൻ മുത്തൂർ - മനക്കച്ചിറ ഭാഗം റോഡ്. ഇവിടുത്തെ നാട്ടുകടവ് പാലത്തിന് സമീപം ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമാണ്. അതിനാൽത്തന്നെ ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ ബൈക്കുകളിൽ ഇവിടെയെത്തി യുവതികൾ അടക്കമുള്ളവർ റീൽസെടുക്കുന്നത് പതിവാണ്.ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് റീൽസ് ചിത്രീകരണം. നേർദിശയിലുള്ള റോഡിലൂടെ അഭ്യാസം കാട്ടി പാഞ്ഞുപോകുന്ന ചെറുപ്പക്കാർ ഉണ്ടാക്കുന്ന പുകിലുകൾ കാരണം കാൽനട യാത്രക്കാരും വാഹനയാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും അപകടങ്ങളും ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ ഉണ്ടായ അപകടം നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കി . ശല്യംകൊണ്ട് പൊറുതിമുട്ടിയതോടെ ഇനി ഈ റോഡിൽ റീൽസ് എടുക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കിഴക്കൻ മുത്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ നാട്ടുകടവ് പാലത്തിന് സമീപം ബാനറും സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നക്കാരെ ഒതുക്കാൻ ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
ന്യൂജൻ ബൈക്കിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു
നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കൻ മുത്തൂർ നാലുവേലിൽ വീട്ടിൽ സണ്ണിക്കയാണ് പരിക്കേറ്റത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കിഴക്കൻ മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം യുവാക്കളായ നാലംഗ സംഘം നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി (19), ബൈക്ക് ഉടമയും സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ.ആർ.രാഹുൽ (19) എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. അപകടം നടന്ന ഉടൻ സംഘാംഗങ്ങളായ മറ്റു രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടു. പരാതിയില്ലെന്ന് സണ്ണി അറിയിച്ചതിനാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി യുവാക്കളെ താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു. അപകടത്തിന് കാരണമായ ബൈക്ക് പൂർണമായും തകർന്നിരുന്നു.
Post a Comment